Skip to content
Menu
Web4nikah
  • Home
  • Blog
  • Register
Web4nikah

സുഗന്ധം പൊഴിക്കുന്ന ഓർമ്മകൾ

Posted on July 12, 2021July 13, 2021 by admin


ഈ കൊച്ചു ജീവിതത്തിൽ വിവിധ തരം ഗന്ധങ്ങളിലൂടെ കടന്നുപോവുന്നവരാണ് നമ്മൾ. സുഗന്ധങ്ങളും ദുർഗന്ധങ്ങളും നമ്മെ പല ഓർമ്മകളിലേക്കും എടുത്തെറിയും. പരിചിതമായ മണങ്ങൾ, വിസ്മൃതിയിലാണ്ട പലരേയും ഓർമ്മകളുടെ വെള്ളിവെളിച്ചത്തിലേക്ക് നീക്കി നിർത്തും. കൊറോണക്കാലത്തെ ഗന്ധമില്ലാത്ത നാളുകളിൽ അനുഭവിച്ച വേദന വാക്കുകളാൽ വിവരിക്കാനാവില്ല. രുചികരമായ പല വിഭവങ്ങൾക്കും ഗന്ധമില്ലാത്തതിനാൽ കഴിക്കാനേ തോന്നിയില്ല. പ്രിയപ്പെട്ടവൻ്റെ ഗന്ധം പോലും ആസ്വദിക്കാനാവാതെ! അന്നാണ് ഗന്ധങ്ങളെക്കുറിച്ച് ഇത്രമേൽ ആഴത്തിൽ ചിന്തിച്ചത്.

കുട്ടിക്കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മയിൽ ഓടിയെത്തുന്ന മണം വടക്കിനിയുടെ പിൻഭാഗത്ത് വലിയ ചെമ്പിൽ ഉമ്മ നെല്ല് പുഴുങ്ങുന്ന മണമാണ്. നെല്ല് പുഴുങ്ങി വേവാകുമ്പോൾ കൊമ്പോറത്തിൽ കോരിയെടുത്ത് കളത്തിലെ തടുക്കു പായിൽ ഉണക്കാനിടും. ഉമ്മ ചേലിലിങ്ങനെ ആവി പൊന്തുന്ന നെല്ല് ചിക്കിയിടുമ്പോൾ അതിൽ നിന്നുതിരുന്ന ഗന്ധത്താൽ മൂടിയിരിക്കും അവിടം. കിഴക്കോറത്തെ പശു തൊഴുത്ത്, വൈക്കോലിൻ്റെയും, പച്ചപ്പുല്ലിൻ്റെയും ചാണകത്തിൻ്റെയും സമ്മിശ്ര ഗന്ധം. പടിഞ്ഞാറെ പറമ്പിൻ്റെ അരികിലെ പാമ്പിൻകാവിൽ നിന്നും എരിഞ്ഞി പൂവിൻ്റെ (ഇലഞ്ഞി) വാസന. പൂമുഖത്തെ അരികിലായ് നിൽക്കുന്ന പാരിജാതത്തിൽ നിന്നും ഇന്നും രാത്രികളിൽ ഉയരുന്ന പരിമളം. അതിന്നടുത്ത് പോയി നിന്ന് കണ്ണടച്ച് നിന്നാൽ ഒരു വേള ഞാനെൻ്റെ ചെറുപ്പകാലത്തെത്തും. ഉപ്പാടെ ശാസനകളും ഉമ്മാടെ ഓത്തുമെല്ലാം ചെവിയിൽ കേൾക്കും. കണ്ണുകൾ അറിയാതെ നിറയും.

ഇന്നീ മണൽ നാട്ടിൽ ആദ്യമഴ പെയ്യുമ്പോൾ ഉയരുന്ന മണ്ണിൻ്റെ മണം പടിഞ്ഞാറെ പറമ്പിന്നപ്പുറത്തുള്ള പാടത്തു നിന്നും മഴ ആർത്തലച്ച് പെയ്ത് വരുന്നത് കണ്ട് പൂമുഖത്തെ തിണ്ണയിൽ, കമ്പിയഴികൾക്കുള്ളിലൂടെ പുറത്തേക്ക് കയ്യിട്ട് ആദ്യ മഴയെ തൊടാൻ കൊതിച്ചു നിൽക്കുന്ന അഞ്ചു വയസ്സുകാരിയാക്കും. ഓടിച്ചെന്ന് ഫ്ലാറ്റിൻ്റെ ജനൽ തുറന്ന് ഞാൻ പുറത്തേക്ക് കൈയ്യിടും. മഴത്തുള്ളികൾ തട്ടി തെറിക്കുമ്പോൾ മനസ്സങ്ങ് നാട്ടിലെത്തും. കുളത്തിൻ്റെ അരികിലൂടെയിറങ്ങി പാടത്ത് നിൽക്കുന്ന ആമ്പലും കൂന്തപ്പൂവും കൂന്തക്കായയും പറിച്ചിരുന്നത്. കൂന്തക്കായയുടെ അരിയിലെ ചേറുമണം.

ഒന്നാം ക്ലാസിലെ മദ്രസ ഓർമ്മകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഗന്ധമാണ് പാവുക്കരത്തെ ഉമ്മ മദ്രസയിലെ കുട്ടികളെയെല്ലാം വിളിച്ച് കൊണ്ടുപോയി സ്നേഹത്തോടെ വിളമ്പിത്തരുന്ന ചീരണി. ശർക്കരയിട്ട് പുഴുങ്ങിയ ചക്കരപ്പയർ. അംഗനവാടിയിലെ ടീച്ചറുണ്ടാക്കാറുള്ള നുറുക്ക് ഗോതമ്പിൻ്റെ ഉപ്പുമാവ്. ഉമ്മ കാണാതെ എടുത്ത പുളി കടലാസിൽ പൊതിഞ്ഞ് ബാഗിലിട്ട് സ്കൂളിൽ കൊണ്ടു പോയിരുന്നത്. ദിവസങ്ങളോളം ആ മണം ബാഗിൽ നിറഞ്ഞു നിന്നിരുന്നു. ഓരോ അവധിക്കാലത്തും മച്ചിൻറകത്തെ പത്തായത്തിൽ ചാക്കിൽ കെട്ടി വെച്ചിരുന്ന മൂവാണ്ടൻ മാങ്ങയുടെയും, വരിക്ക ചക്കയുടേയും, വെണ്ണീർ കുന്നൻ പഴത്തിൻ്റെയും മണം.

ചെറുപ്പത്തിലേക്ക് കൊണ്ടു പോവുന്ന മറ്റൊരു സൗരഭ്യമാണ് ഗൾഫിൽ നിന്നും വരുന്ന ഇക്കമാരുടെ  പെട്ടി തുറന്നാലുള്ള മണം. വർഷങ്ങൾക്കു ശേഷം ഞാനിവിടെ ഖത്തറിലെത്തിയപ്പോൾ ആദ്യമന്വേഷിച്ചത് ആ ഗന്ധമായിരുന്നു. പക്ഷേ ഒരിടത്തും അത് കണ്ടെത്താനായില്ല. ആദ്യത്തെ അവധിക്കായി നാട്ടിലെത്തി എൻ്റെ പെട്ടി പൊട്ടിച്ചപ്പോൾ അതിൽ നിന്നതാ വമിക്കുന്നു അത്ര നാൾ ഞാൻ അന്വേഷിച്ച് നടന്ന ആ മണം. അതെങ്ങനെ എൻ്റെ പെട്ടിയിൽ കടന്നു കൂടിയെന്ന രഹസ്യം ഇന്നുമെനിക്കറിയില്ല!!

മൈലാഞ്ചിയില ഊരി അരച്ച് നഖത്തിലിട്ട് ചുവപ്പിച്ച്, കാച്ചിയ മോര് കൂട്ടി ചോറുണ്ണുമ്പോൾ ഞാനുമ്മാനെ ഓർക്കും. ഉമ്മാടെ മണം! മൂക്കിൽ പൊടിയുടെ മണമായിരുന്നു ഉപ്പാക്കും മൂത്താപ്പാക്കും. ചെറിയ ഡപ്പിയിൽ ഇട്ടു വെച്ച പൊടി. നല്ല മഞ്ഞ നിറമുള്ള ബിരിഞ്ചി കാണുമ്പോൾ ആ മണമെൻ്റെ ഓർമ്മകളിലേക്ക് കൊണ്ടു വരുന്നൊരു മുഖമുണ്ട്. അകാലത്തിലേ അൽഷിമേഴ്സ് വന്ന് ഓർമ്മകൾ നഷ്ടപ്പെട്ട കുടിയിലെ മൂത്തുമ്മാടെ മുഖം. പണ്ടത്തെ വിരുന്നുകാർക്കെല്ലാം ബ്രൂട്ട് സ്പ്രേയുടെയും ജാസ്മിൻ അത്തറിൻ്റെയും മണമായിരുന്നു. പക്ഷേ എനിക്കിഷ്ടം പാടവരമ്പത്ത് നിന്ന് കൈതമുള്ള് കോറിയിട്ടാണേലും പറിച്ചു കൊണ്ടുവന്ന കൈതപ്പൂവ് തിരുകി വെച്ച വെല്ലിമ്മാടെ നിസ്കാരക്കുപ്പായത്തിൻ്റെ മണമായിരുന്നു. കട്ടിലിന്നടിയിലേക്ക് നീക്കിവെച്ച വെല്ലിമ്മാടെ ഇരുമ്പുപെട്ടി തുറന്നാലും അതേ മണമായിരുന്നു.

കല്യാണം കഴിഞ്ഞ് ചൊവ്വന്നൂരെത്തിയപ്പോൾ അവിടേക്ക് ഇടയ്ക്ക് നിൽക്കാൻ വന്നിരുന്ന അക്കിക്കാവിലെ അമ്മയും ഞാനും കൂടെ കളിയടക്ക പെറുക്കി, ചെറിയ ഉരലിലിട്ട്  ഇടിക്കും. അമ്മ സ്നേഹത്തോടെ അതിൽ നിന്നും കുറച്ചെടുത്ത് ഒരു ഡപ്പിയിലിട്ട് ഡാഡിക്ക് കൊടുക്കും. ആ കളിയടക്കയുടെയും, പുകയിലയുടേയും വാസന ചുണ്ണാമ്പിനെറയും ഗന്ധമാണ് അവരുടെ ബന്ധത്തിന്, അവരുടെ സ്നേഹത്തിന്, പരസ്പരമുള്ള കരുതലിന്. കുന്തിരിക്കത്തിൻ്റെയും ചന്ദനത്തിരിയുടെയും മണമെന്നെ മരണമെന്ന സത്യത്തെ ഓർമ്മിപ്പിച്ചു

പൊടുന്നനെ ഒരുനാൾ ഇക്ക, നാട്ടിലെ ബേക്കറി പൂട്ടി ഗൾഫുകാരനായപ്പോൾ സങ്കടങ്ങളിൽ ഉതിർന്നു വീണ കണ്ണുനീർത്തുള്ളികൾക്കിടയിൽ ആശ്വാസമായിരുന്നത്, ഇക്ക പോവുന്നതിൻ്റെ തലേ ദിവസം ഊരിയിട്ട ഇക്കാടെ മണമുള്ള ഷർട്ടായിരുന്നു. ജീവിതത്തിൽ തനിച്ചായി പോവുന്നുവെന്ന് തോന്നിയ സന്ദർഭങ്ങളിലെല്ലാം അലമാര തുറന്ന്, ആ ഷർട്ടിൽ മുഖം പൂഴ്ത്തി, കണ്ണിൽ വെള്ളം നിറഞ്ഞ് ഞാനിങ്ങനെ നിന്നു. അപ്പോഴൊക്കെ ഇക്കാടെ നെഞ്ചിൽ മുഖം പൂഴ്ത്തിയത് പോലെ ഒരാശ്വാസം എന്നെ വന്ന് പുൽകി.

ഒരു പാട് വേദനകൾ വന്നു പുൽകുമ്പോഴെല്ലാം എന്നെ ഒരു പാട് ആശ്വസിപ്പിച്ചിരുന്ന, എൻ്റെ മൂഡ് തന്നെ മാറ്റിയിരുന്ന ഒരു മണമായിരുന്നു പുതിയ പുസ്തകങ്ങളുടെ വാസന. പുസ്തകങ്ങൾ മറിച്ച് മറിച്ച് അതിലെ മണമിങ്ങനെ വലിച്ച് കയറ്റും ഞാൻ. അപ്പോഴെൻ്റെ മനസ്സിലെ സങ്കടത്തിരകളെല്ലാം പതിയെ പിൻവാങ്ങും. ഞാനാ പുസ്തകം തുറന്ന് മെല്ലെ വായിച്ച് തുടങ്ങും. എനിക്കത്രമേൽ പ്രിയപ്പെട്ട ഒരാളായ സെമിതാത്താടെ അരികിലെത്താൻ കൊതിക്കുമ്പോഴെല്ലാം ഞാനൊരു കപ്പ് കാപ്പിയുണ്ടാക്കി കണ്ണടച്ചിരുന്ന് ഞങ്ങളൊരുമിച്ചുള്ള നിമിഷങ്ങൾ ഓർത്തോർത്ത് മെല്ലെ മൊത്തിക്കുടിക്കും.

നഷ്ടപ്പെട്ട ഗന്ധങ്ങളിൽ എന്നുമെന്നെ ഏറ്റവും വിഷമിപ്പിച്ചത് എൻ്റെ മക്കളുടെ പാൽ മണമൂറുന്ന ചോരിളം ചുണ്ടുകളുടെ മണമായിരുന്നു. ഏതു പാതിരാത്രിയിലും മാറോട് ചേർത്ത് ആ നെറുകയിൽ മുത്തുമ്പോൾ മൂക്കു വിടർത്തി ഞാൻ വലിച്ചു കയറ്റിയിരുന്ന എൻ്റെ കുഞ്ഞുങ്ങളുടെ സൗരഭ്യം! തല വേദനിപ്പിക്കുന്ന പല രൂക്ഷഗന്ധങ്ങളുമുണ്ട്, ചിലപ്പോഴൊക്കെ മറ്റുള്ളവർക്ക് ഏറെ പ്രിയപ്പെട്ട വാസനകളാവാം നമുക്കേറെ വെറുപ്പുളവാക്കുന്ന ഗന്ധം! ഓരോ വ്യക്തിയുടെയും ഇഷ്ടാനിഷ്ടങ്ങൾ വ്യത്യസ്തങ്ങളാണ്, ഇഷ്ട പരിമളവും!

അനവധി സങ്കടങ്ങളും സന്തോഷങ്ങളും നൽകിയ ഗന്ധങ്ങളോളം തന്നെ എന്നെ ആകുലപ്പെടുത്തിയ നിരവധി വാസനകളുണ്ട്. അത്രമേൽ നല്ല സുഗന്ധമാണെങ്കിലും അതിനോട് ചുറ്റിപ്പറ്റിയ തിക്തമായ ഓർമ്മകളെന്നെ ആ പരിമളത്തെ പോലും വെറുപ്പിച്ചു. അവയെക്കുറിച്ച് മനപ്പൂർവ്വമെങ്കിലും ഞാനിവിടെ അയവിറക്കുന്നില്ല. നിങ്ങൾക്കുമുണ്ടാവില്ലേ ഇതുപോലെ ഒരു മണം കൊണ്ട് വർഷങ്ങൾക്കിപ്പുറത്തേക്ക് എടുത്തെറിയപ്പെടുന്ന ഓർമ്മകളുടെ കുത്തൊഴുക്ക്! ഈ കുഞ്ഞു ജീവിതത്തിൽ മറവിലാണ്ട് പോയ നിരവധി ഗന്ധങ്ങളുണ്ടാവാം, ഒരു വേള ജീവിതത്തിൻ്റെ ഏതൊക്കെയോ സന്ധികളിൽ അവ ഉയർത്തെഴുന്നേൽക്കാം. മണ്ണിൻ്റെയും, പുസ്തകത്തിൻ്റെയും എൻ്റെ പ്രിയൻ്റെയും സുഗന്ധമാണെന്നെ ഏറ്റവും ഭ്രമിപ്പിച്ചിട്ടുള്ളത്. ഈ കുഞ്ഞു ജീവിതത്തിൽ ഇനിയും ആസ്വദിക്കാൻ ഒത്തിരി മണങ്ങളുണ്ടാവും, എന്നാലും എനിക്കേറെ പ്രിയം എൻ്റെ പ്രാണൻ്റെ മണം തന്നെയാവും! ഒരിക്കലുമെന്നെ മടുപ്പിക്കാത്ത അവൻ്റെ മണം! കവി റഫീഖ് അഹമ്മദിൻ്റെ നാലു വരികൾ ഓർത്തുകൊണ്ട്,

ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ

അമൽ ഫെർമിസ്

family

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Latest Posts

  • ഞാൻ ഞാനായിരിക്കുക July 12, 2021
  • ഒരുമിച്ച് കൊള്ളേണ്ട മഴ വെയിലുകൾ July 12, 2021
  • സുഗന്ധം പൊഴിക്കുന്ന ഓർമ്മകൾ July 12, 2021
  • അവനവനോട് നീതി പാലിക്കുക! July 12, 2021
  • പുരുഷ ഹൃദയം കീഴടക്കാന്‍ July 12, 2021

Web4nikah Promo

#Opposing Dowry Campaign

Ads

Get in touch


Download Our App

Contact Us

info@web4nikah.com     
+91 9400355991
©2025 Web4nikah | Powered by WordPress & Superb Themes