Skip to content
Menu
Web4nikah
  • Home
  • Blog
  • Register
Web4nikah

തൊഴിലെടുക്കുന്ന സ്ത്രീക്ക് എങ്ങനെ നല്ല വീട്ടമ്മയാവാം..

Posted on July 12, 2021July 13, 2021 by admin

തൊഴിലെടുക്കാനായി വീടിനു പുറത്തുപോകുന്ന സ്ത്രീ തന്റെ വീട്ടുജോലിയിലും പുറത്തെ ജോലിയിലും എങ്ങനെ മികവ് പുലര്‍ത്തും എന്നതിനെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരാവുന്നതാണ്. ജോലിക്ക് പോകുന്ന ഉമ്മയും ഭാര്യയും തങ്ങളുടെ വീടുകളില്‍ വല്ല പ്രതിബന്ധങ്ങളും നേരിടുന്നുണ്ടോ? തൊഴിലിനായി പുറത്ത് പോകുന്ന സ്ത്രീ വീട്ടുഭരണത്തില്‍ അഭിമുഖീകരിക്കുന്ന പോരായ്മകള്‍ എന്തെല്ലാം? ഇവ രണ്ടും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എങ്ങനെ വിജയിക്കാം? തുടങ്ങിയ ചോദ്യങ്ങള്‍ ഇവയില്‍ പ്രധാനമാണ്. അതെ, തൊഴിലിടത്തും വീടുഭരണത്തിലും വിജയം വരിക്കുന്നതില്‍ നിരവധി പ്രതിബന്ധങ്ങള്‍ ഉമ്മമാരും സഹോദരിമാരും അഭിമുഖീകരിക്കുന്നുണ്ട്. ചില താരതമ്യങ്ങളിലൂടെ വായനക്കാരന് ഇവ എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതാണ്.

നേരത്തെ എഴുന്നേറ്റ് ഭര്‍ത്താവിനും മക്കള്‍ക്കും പ്രാതല്‍ ഒരുക്കി അവരെ വാത്സല്യത്തോടെ വിളിച്ചെഴുന്നേല്‍പിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും മക്കളുടെ പഠനോപകരണങ്ങളെല്ലാം ഒരുക്കിക്കൊടുത്തുകൊണ്ട് പുഞ്ചിരിയോടെ യാത്രയാകുകയും ചെയ്യുന്ന ഉമ്മയും വളരെ ദ്രുതിപ്പെട്ട് ടെന്‍ഷനോടെ വീട്ടുജോലികളിലേര്‍പ്പെടുകയും ജോലിസ്ഥലത്ത് നിര്‍ണിത സമയത്ത് തന്നെ എത്താന്‍ ആഗ്രിഹിക്കുകയും ചെയ്യുന്ന മാതാവും ഒരു പോലെയാണോ? സ്‌കൂളില്‍ നിന്ന് മക്കള്‍ തിരിച്ചുവരുമ്പോള്‍ ഉമ്മയെ കാണാതെ അവളെ പ്രതീക്ഷിച്ച് അയല്‍ വീടുകളില്‍ കാത്തുനില്‍ക്കുകയോ അല്ലെങ്കില്‍ സ്‌കൂളില്‍ നിന്ന് തന്നെ വൈകി വരുകയോ ചെയ്യുന്ന കുട്ടികളുടെ മാതാവും, മക്കള്‍ സ്‌കൂളില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ അവരെ പ്രതീക്ഷയോടെ കാത്തിരിക്കുകയും സ്വീകരിക്കുകയും അവരിഷ്ടപ്പെടുന്ന ഭക്ഷണങ്ങള്‍ തയ്യാറാക്കിക്കൊടുത്തുകൊണ്ട് അവരുമായി അന്നത്തെ സ്‌കൂളിലെ സംഭവങ്ങളെ കുറിച്ചെല്ലാം കുശലന്വേഷണത്തിലേര്‍പ്പെടുകയും ചെയ്യുന്ന മാതാവും ഒരു പോലെയാണോ? തന്റെ കഴിവും ശേഷിയും മക്കളുടെ സംസ്‌കരണത്തിനായി ചിലവഴിക്കുകയും അവരുടെ പഠനത്തില്‍ സഹായിക്കുകയും ചെയ്യുന്ന സ്ത്രീ ജോലിസ്ഥലത്ത് നിന്ന് പ്രയാസത്തോടെയും ടെന്‍ഷനോടെയും ഒന്ന് വിശ്രമിക്കാനായി ആരോടും സംസാരിക്കാതെ വീട്ടിലെത്തി അടുത്ത ദിവസം ജോലിക്ക് പോകുന്നതിന് മുമ്പേ ചെയ്തു തീര്‍ക്കാനുള്ള അലക്കല്‍, ക്ലീനിങ്ങ്, പാചകം തുടങ്ങിയ ജോലികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്ത്രീയെ പോലെയാണോ?

സ്ത്രീ തൊഴിലിനു പോകുമ്പോള്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങള്‍

  1. കുട്ടികളുടെ പരിപാലനത്തിലും അവകാശങ്ങളിലും വീഴ്ച്ച :
    മനശ്ശാസ്ത്രജ്ഞന്മാരുടെ വിവരണമനുസരിച്ച് കുട്ടികള്‍ -അവര്‍ ആണാകട്ടെ, പെണ്ണാകട്ടെ- ചെറുപ്രായം മുതല്‍ തന്നെ വീട്ടില്‍ നിന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികള്‍ പഠിക്കുകയും മൂല്യങ്ങളും വീക്ഷണങ്ങളും രൂപപ്പെടുത്തുകയും ചെയ്യുന്ന പ്രഥമ പാഠശാല വീടാണ്. എന്നാല്‍ ഇന്ന് പിതാവ് സ്വാഭാവികമായും ജോലിത്തിരക്കിലാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി രാപ്പകല്‍ ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതമാകുന്നു. അതിനാല്‍ തന്നെ മക്കളുടെ സംസ്‌കരണവും ശിക്ഷണവും – ജോലിയുള്ളവളാണെങ്കിലും – മാതാവിന്റെ ചുമലില്‍ തന്നെയാണ്. ഇത് വളരെ ഭാരിച്ച ഉത്തരവാദിത്തമാണ് എന്നതില്‍ സംശയമില്ല. നിരന്തരമായ മാറ്റങ്ങളും പരിഷ്‌കരണങ്ങള്‍ക്കും നമ്മുടെ വിദ്യാഭ്യാസ-സാമൂഹിക മേഖല സാക്ഷ്യം വഹിക്കുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ അതേ സമയം തങ്ങളുടെ ജോലിയിലും മക്കളുടെ സംസ്‌കരണത്തിലും വീട്ടുജോലിയിലും ഭര്‍ത്താക്കന്മാരുടെ അവകാശങ്ങള്‍ നിര്‍വഹിക്കുന്നതിലും മികവ് പുലര്‍ത്തുന്ന സ്ത്രീകളെ നമുക്ക് കാണാം. അവരെ കുറിച്ച് പഠിക്കുകയും അതില്‍ നിന്ന് മറ്റുള്ളവര്‍ പ്രയോജനമെടുക്കുകയും ചെയ്യേണ്ടതുണ്ട്.

ജോലിക്ക് പോകുന്ന സ്ത്രീകള്‍ തങ്ങളുടെ മക്കളുടെ ശിക്ഷണത്തിലും ഭര്‍ത്താവിന്റെ അവകാശങ്ങള്‍ നിര്‍വഹിക്കുന്നതിലും വീട്ടുഭരണം നിയന്ത്രിക്കുന്നതിലുമെല്ലാ വിജയിക്കുന്നത് ഭര്‍ത്താവുമായുള്ള പരസ്പര ധാരണയെയും വീട്ടുജോലികളിലും മക്കളുടെ സംസ്‌കരണത്തിലുമെല്ലാം അവന്റെ സഹായത്തെയും ആശ്രയിച്ചാണ്. സ്ത്രീകളെ വീട്ടുജോലിയിലും മക്കളുടെ സംസ്‌കരണത്തിലും സഹായിച്ച പ്രവാചകന്‍(സ)യുടെ മഹിതമായ ജീവിത മാതൃകകള്‍ നമുക്ക് മുമ്പിലുണ്ട്. ‘പ്രവാചകന്‍ തന്റെ വസ്ത്രം തുന്നുകയും ചെരുപ്പ് കണ്ടം വെക്കുകയും പുരുഷന്മാര്‍ വീട്ടില്‍ നിന്ന് ചെയ്യുന്ന ജോലികളിലെല്ലാം ഏര്‍പ്പെടാറുമുണ്ടായിരുന്നു’.(അഹ്മദ്). എന്നാല്‍ ഇത്തരം ജോലികള്‍ തങ്ങളുടെ പൗരുഷത്വത്തിന് ചേര്‍ന്നതല്ല എന്നാണ് ഇന്ന് മിക്ക പുരുഷന്മാരുടെയും ധാരണ. ഒന്നുകില്‍ ഇസ്‌ലാമിക ധാര്‍മിക സംസ്‌കൃതിയെ കുറിച്ചും പ്രവാചക ചര്യയെ കുറിച്ചും ഇവര്‍ അജ്ഞരായതുകൊണ്ടോ ഇസ്‌ലാമിന്റെ യാതൊരു അടിസ്ഥാനവുമില്ലാത്ത എന്നാല്‍ അനന്തരമായി ലഭിച്ച ഈ പതിവുകളെ കുറിച്ച ശരിയായ ധാരണയില്ലായ്മയോ ആയിരിക്കും ഈ നിലപാട് സ്വീകരിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. മക്കളുടെ സംസ്‌കരണവും വീട്ടുജോലികളിലെ വിജയവും സ്വാധീനിക്കുന്ന മറ്റൊരു ഘടകം ജോലിക്കു പോകുന്ന മാതാക്കളുടെയും ഭാര്യമാരുടെയും ബുദ്ധി ശക്തിയും അവരുടെ ആസൂത്രണമകിവും ഭര്‍ത്താവുമായി പരസ്പരണധാരണയോടുകൂടിയുളള പ്രവര്‍ത്തനങ്ങളുമാണ്.

ബുദ്ധിപരമായി ദൗര്‍ബല്യമുള്ളവരും കാര്യങ്ങള്‍ അതിന്റെ സമയത്ത് തന്നെ നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തുന്നവരുമായവര്‍ ജോലിക്കു പോകാത്തവളാണെങ്കിലും വീടുഭരണത്തിലും മക്കളുടെ സംസ്‌കരണത്തിലും പരാജയപ്പെടുന്നതായി കാണാം. അവളുടെ ഭര്‍ത്താവ് മിക്ക സമയത്തും വീടിന് പുറത്തായിരിക്കും, അല്ലെങ്കില്‍ വീട്ടിലുണ്ടായിരിക്കെ തന്നെ വീട്ടുകാര്യങ്ങളിലൊന്നും ശ്രദ്ധയില്ലാതെ ഭാവനലോകത്ത് വിരാചിക്കുന്നവനായിരിക്കും. മക്കളുടെ കാര്യത്തില്‍ ശ്രദ്ധയില്ലാതെ അവരെ തോന്നിയ പോലെ വളരാന്‍ വിടുകയും വീട്ടില്‍ എപ്പോഴും പ്രശ്‌നങ്ങളുമായി കഴിയുന്നവരെയും കാണാം. ചിലരുടെ വീക്ഷണത്തില്‍ അധ്യാപിക, സേവക തുടങ്ങിയവര്‍ മാതാവിന്റെ പകരമാകും എന്നാണ്. അധ്യാപികയും പരിശീലകയും എത്രതന്നെ കഴിവുള്ളവളാണെങ്കിലും മാതാവിന്റെ ഹൃദയം കീഴ്‌പെടുത്താന്‍ അവര്‍ക്കു കഴിയുകയില്ല. കുട്ടികളോട് തന്റെ മക്കളെ പോലെ പെരുമാറാന്‍ അവര്‍ ആഗ്രഹിക്കുകയില്ല, അതുപോലെ അവര്‍ക്കുവേണ്ടി കൂടുതല്‍ സഹിക്കാനും അവര്‍ തയ്യാറാകുകയില്ല. അതിനാല്‍ തന്നെ മാതാക്കളെ ഇഷ്ടപ്പെടുന്നതുപോലെ അവരെ സ്‌നേഹിക്കാന്‍ കുട്ടികള്‍ക്ക് കഴിയുകയുമില്ല.

  1. ജോലിക്കു പോകുന്ന മാതാക്കളുമായി കുട്ടികള്‍ക്ക് ഇണക്കം നഷ്ടപ്പെടും:
    ഇത്തരത്തില്‍ മക്കളെ ഉപേക്ഷിച്ച് ജോലിക്ക് പോകുന്ന ഉമ്മമാരേക്കാള്‍ കൂടുതലായി മിക്ക കുട്ടികള്‍ക്കും ഇണക്കമുണ്ടാകുക ഒരു പക്ഷേ വീട്ടിലെ പരിചാരകയോടായിരിക്കും. ‘തന്റെ ഭര്‍ത്താവിന്റെ കൂടെ ഉല്ലാസത്തിനും മറ്റുമായി കടല്‍ക്കരയിലോ മറ്റോ പോകുമ്പോള്‍ ചെറിയ കുട്ടിയെ കൂടെ കൂട്ടാന്‍ അവര്‍ ആഗ്രഹിക്കും. എന്നാല്‍ അവള്‍ പരിചാരകയോടൊപ്പം കഴിയാനാണ് താല്‍പര്യപ്പെടുക’ എന്ന് എന്റെ ഒരു വിദ്യാര്‍ഥിനി അവളുടെ മകളെ കുറിച്ച് ഒരിക്കല്‍ വിവരിക്കുകയുണ്ടായി. കാരണം ആ കുട്ടി കൂടുതല്‍ സമയവും സഹവസിക്കുന്നതും സംസാരിക്കുന്നതും സന്തോഷം പങ്കിടുന്നതും പരിചാരകയോടൊപ്പമാണ്. അത് കുട്ടിയുടെ വ്യക്തിത്വ വളര്‍ച്ചയിലും സ്വാധീനിക്കുന്നതാണ്.
  2. ആരോഗ്യകരമായ പ്രതിഫലനങ്ങള്‍:
    ജോലിയുടെ സമ്മര്‍ദ്ധവും അതിനു പുറമെ വീട്ടില്‍ നിര്‍വഹിക്കേണ്ട ഭാരിച്ച ജോലികളും മക്കളുടെ സംസ്‌കരണവും ഭര്‍ത്താവിനോടുള്ള കടമകളുമെല്ലാം സ്ത്രീയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ചിലപ്പോള്‍ മറ്റു വല്ല രോഗങ്ങള്‍ക്കും ഇത് കാരണമാകുകയോ അല്ലെങ്കില്‍ അവളുടെ ആരോഗ്യത്തെ അത് ദുര്‍ബലപ്പെടുത്തുകയോ ചെയ്യും.
  3. മാനസിക പ്രശ്‌നങ്ങള്‍:
    മനുഷ്യരുടെ മേല്‍ ജോലിഭാരവും ബാധ്യതകളും കുന്നുകൂടുമ്പോള്‍ മാനസികമായ ഇടുക്കം സംഭവിക്കും. എങ്ങനെ എല്ലാം നേടിയെടുക്കാന്‍ കഴിയുമെന്നായിരിക്കും എപ്പോഴുമുള്ള ചിന്ത. നേട്ടം കൈവരിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാനസികമായ അസ്വസ്ഥതകള്‍ ഉണ്ടാകുന്നു. മനസ്സാക്ഷിക്കുത്ത്, അസംതൃപ്തി തുടങ്ങിയവ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. കുടുംബപരമായതും മറ്റു പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ മാനസികമായി വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇവ ചിലപ്പോള്‍ മക്കളെയും ബാധിക്കും.
  4. സാമൂഹികമായ പ്രശ്‌നങ്ങള്‍:
    മിക്ക വിവാഹമോചനവും വൈവാഹിക പ്രശ്‌നങ്ങളും നടക്കുന്നത് തൊഴിലിന് പോകുന്ന സ്ത്രീകള്‍ക്കിടയിലാണെന്ന് കുടുംബപരവും സാമൂഹികവുമായ പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തിയവര്‍ സ്ഥിരീകരിക്കുന്നു.
  5. സാമ്പത്തികമായ ഭദ്രതക്കുറവ്:
    ജോലിയുള്ള സ്ത്രീകള്‍ തങ്ങളുടെ വസ്ത്രാലങ്കാരങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയും അതിനായി വലിയ സംഖ്യ ചെലവഴിക്കുകയും ചെയ്യുന്നവരാണ്. അപ്രകാരം തന്നെ ചിലവഴിക്കുന്നതില്‍ ധൂര്‍ത്തടിക്കുകയും ചെയ്യുന്നതിനാല്‍ അവരുടെ ശമ്പളം മിക്കപ്പോഴും അവരുടെ ചിലവിന് തന്നെ തികയുകയില്ല.

സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെ ശരീഅത്തോ നാട്ടുസമ്പ്രദായമോ വിലക്കുന്നില്ല . ശുഐബ്(അ)ന്റെ ജോലിയുള്ള രണ്ട് മക്കളുടെ കഥ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. മൂസാനബി മദ്‌യനിലെത്തിയപ്പോള്‍ ആളുകള്‍ അവരുടെ കാലികള്‍ക്ക് വെള്ളം കുടിപ്പിക്കുന്നതായി കണ്ടു. മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്‌നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ (ആടുകള്‍ക്ക് വെള്ളം കൊടുത്ത്) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്.
അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു. അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്ന്‌ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് തന്റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു. (അല്‍ഖസസ്)

പ്രവാചകന്റെയും സഹാബികളുടെയും ചരിത്രം വായിക്കുമ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരെ അവരുടെ തൊഴിലില്‍ സഹായിച്ചതായി കാണാം. രാഷ്ട്രീയത്തിലും ജിഹാദിലും അവര്‍ സജീവമായ പങ്കാളിത്തം വഹിച്ചതായും കാണാം. ഹിജ്‌റയില്‍ പ്രവാചകന് ഭക്ഷണമെത്തിച്ച അസ്മാഅ് ബിന്‍ത് അബൂബക്കര്‍, ഉഹ്ദ് യുദ്ധത്തില്‍ സംരക്ഷകയായ ഉമ്മു ഇമാറ തുടങ്ങിയ നിരവധി മഹതികളുടെ ചരിത്രം നമുക്ക് കാണാം. ഭര്‍ത്താവിന്റെ മരണം, ഭര്‍ത്താവിന് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥ, തുടങ്ങിയ സാഹചര്യങ്ങളില്‍ മക്കളുടെ വിദ്യാഭ്യാസവും മറ്റുമായ വളര്‍ച്ചക്കായി സ്ത്രീകള്‍ ജോലിക്ക് പോകേണ്ടിവരും. അപ്രകാരം തന്നെ അധ്യാപന മേഖലയിലും വനിത കോളേജുകളിലുമെല്ലാം നിരവധി സ്ത്രീകള്‍ ജോലിചെയ്യുന്നുണ്ട്. നഴ്‌സിങ്ങ് മേഖലയില്‍ മികവ് തെളിയിച്ചവരധികവും സ്ത്രീകളാണ്. സ്ത്രീകളുടെ ജോലിക്ക് ഇത്തരം ക്രിയാത്മക വശങ്ങളുള്ളതോടൊപ്പം തന്നെ അതിന്റെ ദൂഷ്യവശങ്ങള്‍ തടയാനായി ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുമുണ്ട്.

  1. ഭര്‍ത്താവിന്റെ അനുവാദം വാങ്ങുക, അല്ലെങ്കില്‍ വിവാഹന്വേഷണ വേളയില്‍ തന്നെ യോജിച്ച തീരുമാനത്തിലെത്തണം.
  2. ജോലി അവളെ സന്താനോല്‍പാദനത്തില്‍ നിന്ന് തടയരുത്.
  3. മക്കളുടെയും ഭര്‍ത്താവിന്റെയും അവകാശങ്ങള്‍ ഹനിക്കാന്‍ ഇടവരുത്തരുത്.
  4. തീവ്രതയോ ജീര്‍ണതയോ കൂടാതെ മധ്യമ സമീപനം സ്വീകരിക്കുക
  5. മുന്‍ഗണനാക്രമം പാലിക്കുക
  6. ഭര്‍ത്താവുമായി യോജിച്ച ധാരണയില്‍ പ്രവര്‍ത്തിക്കുക.
  7. നല്ല സേവകരെ തെരഞ്ഞെടുക്കുക. അവരോടൊപ്പം നല്ല നിലയില്‍ വര്‍ത്തിക്കുക
  8. വീട്ടില്‍ നിന്നും ചെയ്യാന്‍ സാധിക്കുന്ന ചെറിയ ചില ജോലികള്‍ ഏറ്റെടുത്തു ചെയ്യുക. ഇന്റര്‍നെറ്റ് ട്രാന്‍സലേഷന്‍, ടൈപ്പിംഗ്, പലഹാര നിര്‍മാണം, തയ്യല്‍ തുടങ്ങിയ നിരവധി ജോലികള്‍ വിജയകരമായി നിര്‍വഹിക്കുന്ന സ്ത്രീകളെ ആധുനിക കാലഘട്ടത്തില്‍ നമുക്ക് കാണാന്‍ കഴിയും. അത്തരത്തില്‍ സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ കഴിയുന്ന മേഖലകള്‍ ഉപയോഗപ്പെടുത്തുക.
women

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Latest Posts

  • ഞാൻ ഞാനായിരിക്കുക July 12, 2021
  • ഒരുമിച്ച് കൊള്ളേണ്ട മഴ വെയിലുകൾ July 12, 2021
  • സുഗന്ധം പൊഴിക്കുന്ന ഓർമ്മകൾ July 12, 2021
  • അവനവനോട് നീതി പാലിക്കുക! July 12, 2021
  • പുരുഷ ഹൃദയം കീഴടക്കാന്‍ July 12, 2021

Web4nikah Promo

#Opposing Dowry Campaign

Ads

Get in touch


Download Our App

Contact Us

info@web4nikah.com     
+91 9400355991
©2025 Web4nikah | Powered by WordPress & Superb Themes