Skip to content
Menu
Web4nikah
  • Home
  • Blog
  • Register
Web4nikah

അവനവനോട് നീതി പാലിക്കുക!

Posted on July 12, 2021July 13, 2021 by admin


ഞാനിന്ന് അവനവൻ്റെ ശരീരം ശ്രദ്ധിക്കുന്നതിനെക്കുറിച്ചും നമ്മുടെ മാനസീകാരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നതിനെക്കുറിച്ചും  എഴുതിയപ്പോൾ ഒത്തിരി പേർ വാട്ട്സ് ആപ്പിലൂടെയും മെസഞ്ചറിലൂടെയും ഒരു പാട് സന്ദേശങ്ങൾ അയച്ചു. അതിൽ നിന്നും മനസ്സിനെ ആഴത്തിൽ സ്പർശിച്ച ഒരു അനുഭവം എൻ്റെ വായനക്കാർക്കു മുന്നിൽ പങ്കുവെയ്ക്കണമെന്ന് തോന്നി. സങ്കടങ്ങളാൽ നെഞ്ചു പൊടിയുന്ന ചില പെണ്ണുങ്ങളുടെ മനസ് ഞാനിവിടെ തുറന്നു വെയ്ക്കാം.

അവളുടെ കൂട്ടുകാരിക്ക് ഇടയ്ക്കിടെ വരാറുള്ള വയറുവേദനയെക്കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു തുടക്കം. കലപില സംസാരിക്കുന്ന, കുടുംബത്തെ ജീവനു തുല്യം സ്നേഹിക്കുന്ന, രാവും പകലും ഭർത്താവിനും മക്കൾക്കും വേണ്ടി മാത്രം ജീവിക്കുന്ന അവളെ വാശി പിടിച്ച് ഒടുക്കം ചീത്ത പറഞ്ഞ്, താൻ തന്നെ മുൻകൈ എടുത്ത് പ്രമുഖനായ ഡോക്ടർക്ക് അപ്പോയിൻമെന്റ് എടുത്തത്. തിരക്കുള്ള ഭർത്താവിൻ്റെ സമയത്തിന് കാത്തു നിൽക്കുന്നതിന് ചീത്ത പറഞ്ഞ് അവൾ കൂട്ടുകാരിയെയും കൂട്ടി ഡോക്ടറെ കണ്ടു. ഡോക്ടറുടെ തുടർപരിശോധനയിൽ അവൾക്ക് അടിയന്തിരമായി ശസ്ത്രക്രിയ ചെയ്യേണ്ടതുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

ഭർത്താവിൻ്റെ തിരക്കൊഴിഞ്ഞ് ഇന്നല്ലെങ്കിൽ നാളെയത് ചെയ്യാമെന്നും പറഞ്ഞവൾ വേദന സഹിച്ച് കാത്തിരുന്നു. വേദന കൂടുന്നതിനിടയിൽ മോളുടെ കല്യാണം ശരിയായി. ഇനിയിപ്പോൾ ആറ്റു നോറ്റ് കാത്തിരുന്ന കല്യാണത്തിന്നിടയിൽ വേദനകൾ അവളുടെ നിത്യജീവിതത്തിൻ്റെ ഭാഗമായി. പരാതികളും പരിഭവങ്ങളും ഉള്ളിലൊതുക്കി കല്യാണം മനോഹരമാക്കി. സഹിക്കുവാൻ കഴിയാത്തത്ര വേദനയായപ്പോഴാണ് ഭർത്താവിന് തിരക്കൊഴിഞ്ഞത്. അപ്പോഴേക്കും വയറുവേദനയുടെ രൂപത്തിൽ വന്ന ഞണ്ടുകൾ ശരീരത്തിലാകെ പിടിമുറുക്കി കഴിഞ്ഞിരുന്നു. അവസാന സ്റ്റേജിലെ അവളുടെ തീരാവേദനകൾ കണ്ട് ഭർത്താവും കുഞ്ഞുങ്ങളും, ഇനിയും വേദന സഹിക്കാതെ അവളൊന്ന് മരിച്ചു പോയിരുന്നെങ്കിൽ എന്നു ചിന്തിച്ചു തുടങ്ങി. അധികം വൈകാതെ ആരുടേയും തിരക്കൊഴിയുന്നത് കാത്തു നിൽക്കാതെ, അവളങ്ങ് പോയി.

അവളങ്ങ് പോയ ശേഷം, ആ വീടു സന്ദർശിച്ച കൂട്ടുകാരി പറയുന്നു. അവളില്ലെങ്കിൽ നടക്കില്ലെന്ന് അവൾ വിചാരിച്ച കാര്യങ്ങളെല്ലാം എത്ര ഭംഗിയായി അവിടെ നടക്കുന്നുവെന്നോ? ആവശ്യത്തിന് വേലക്കാരെ വെച്ചു, മക്കളും അവളുടെ ഭർത്താവും ജോലികൾ പകുത്തെടുത്തു ചെയ്യുന്നു. പെട്ടെന്നൊരു ദിവസം അമ്മ മരിച്ചതിൻ്റെ സങ്കടമൊക്കെ പൊയ്പ്പോയി. അതാണ് മനുഷ്യൻ. എത്ര പ്രിയപ്പെട്ടവരുടെ മരണമാണെങ്കിലും അത് മറവിയുടെ ചിമിഴിൽ ഒതുങ്ങാൻ അത്രയധികം സമയമൊന്നും വേണ്ട. ഇവിടെയാർക്കാണ് നഷ്ടം സംഭവിച്ചത്? ലാഭനഷ്ടങ്ങളുടെ കണക്കെടുമ്പോൾ ഭർത്താവിനെയും കുടുംബത്തേയും സ്നേഹിച്ച്, സ്വന്തം ഇഷ്ടങ്ങളൊക്കെ അവർക്ക് വേണ്ടി മാറ്റി വെച്ച്  ജീവിതം ഹോമിച്ച അവളുടെ നഷ്ടങ്ങളുടെ ത്രാസിനല്ലേ ഭാരം കൂടുതൽ?

നമ്മളില്ലെങ്കിൽ നടക്കില്ലെന്ന് കരുതി നമ്മൾ തനിച്ച് ചെയ്തു കൊണ്ടേയിരിക്കുന്ന നൂറു കൂട്ടം കാര്യങ്ങളുണ്ട്. നമ്മൾ ഒഴിവാക്കുന്ന നിരവധി സന്തോഷമുഹൂർത്തങ്ങളുണ്ട്. മക്കളുടെ പരീക്ഷ കാരണം നിങ്ങൾ മാറ്റി വെച്ച കൂട്ടുകാരോടൊത്തുള്ള ഗെറ്റ് ടുഗെദർ, ഭർത്താവിൻ്റെ തിരക്കു കാരണം പങ്കെടുക്കാൻ പറ്റാതിരുന്ന അടുത്ത ബന്ധുവിൻ്റെ കല്യാണം, വായിക്കാതെ മാറ്റി വെച്ച പുസ്തകങ്ങൾ, കഴിക്കാതെ പോയ ഇഷ്ടഭക്ഷണങ്ങൾ, പങ്കാളിയുടെയും കുടുംബത്തിൻ്റെയും താൽപ്പര്യങ്ങൾക്കു മുൻതൂക്കം കൊടുത്ത് കൊണ്ട് പിറകിലുപേക്ഷിച്ച തൻ്റെ കഴിവുകൾ. മറ്റുള്ളവരെന്തു കരുതുമെന്ന് വിചാരിച്ച് മാറ്റി വെച്ച യാത്രകൾ,ഇതൊക്കെ ആരെ സന്തോഷിപ്പിക്കാനാണെന്ന് ഓർക്കണം. അവനവനെ സന്തോഷിപ്പിക്കാനായില്ലെങ്കിൽ മറ്റാരേയും നമുക്ക് മനസ്സ് നിറഞ്ഞ് സന്തോഷിപ്പിക്കാനാവില്ല.

ഇനി നമ്മളങ്ങ് മാറാൻ തീരുമാനിച്ചാലുണ്ടല്ലോ അത് പലർക്കുമങ്ങ് പിടിക്കില്ല. അവർക്ക് ആ പഴയ പോരാളിയായ, സ്വന്തം സുഖങ്ങളെ ത്യജിച്ച് അവരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന പഴയ കുലസ്ത്രീയേയാവും കൂടുതൽ ഇഷ്ടം, അവർക്കതിലാവും കൂടുതൽ താൽപര്യം. അങ്ങ് സുഖിച്ച് പോയതല്ലേ, മാറാനൊരിത്തിരി പാട് അത്രയേ ഉള്ളൂ. അവരെന്തു വേണേൽ പറഞ്ഞോട്ടേ. നീയങ്ങ് മാറീലോ, നിൻ്റെ ഇഷ്ടം നോക്കി ജീവിക്കാൻ തുടങ്ങീലേ.. അങ്ങനെ പലതും കേൾക്കാം. ഒരു ചെറു ചിരിയോടെ നേരിടാം നമുക്കതിനെ. തീർച്ചയായും നമ്മൾ മാനുഷിക പരിഗണന കൊടുത്ത് ചെയ്ത് കൊടുക്കേണ്ട പല കാര്യങ്ങളുമുണ്ടാവും. എന്തു ചെയ്യണമെന്ന്, എന്തു ചെയ്യരുതെന്നും നമുക്ക് തീരുമാനിക്കാം.

എത്രമേൽ പ്രിയപ്പെട്ടവരാണെങ്കിലും സ്നേഹത്തിൻ്റെ പേരിൽ നിങ്ങളെ സാമ്പത്തികമായും ശാരീരികമായും മാനസികമായും ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയുക. ഇത് നിങ്ങളുടെ ജീവിതയാത്രയാണ്. നിങ്ങളുടെ മാത്രം! അതെപ്പോഴും ഓർമ്മയിലുണ്ടാവണം. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിച്ചു കൊണ്ടിരിക്കുമ്പോൾ, എല്ലാവരേയും തൃപ്തിപ്പെടുത്തേണ്ടതില്ല, മറിച്ച് അള്ളാഹുവിൻ്റെ തൃപ്തിയാണ് നോക്കേണ്ടത്. അതു മാത്രം!! മറ്റൊന്നിനെക്കുറിച്ചും വേവലാതിപ്പെടേണ്ടതില്ല!!

അമൽ ഫെർമിസ്

women

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Latest Posts

  • ഞാൻ ഞാനായിരിക്കുക July 12, 2021
  • ഒരുമിച്ച് കൊള്ളേണ്ട മഴ വെയിലുകൾ July 12, 2021
  • സുഗന്ധം പൊഴിക്കുന്ന ഓർമ്മകൾ July 12, 2021
  • അവനവനോട് നീതി പാലിക്കുക! July 12, 2021
  • പുരുഷ ഹൃദയം കീഴടക്കാന്‍ July 12, 2021

Web4nikah Promo

#Opposing Dowry Campaign

Ads

Get in touch


Download Our App

Contact Us

info@web4nikah.com     
+91 9400355991
©2025 Web4nikah | Powered by WordPress & Superb Themes